തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് പദ്ധതിയായ കെ ഫോണിന് ഒന്നരലക്ഷം ഉപയോക്താക്കളെന്ന സ്വപ്ന നേട്ടം. ആദിവാസി ഊരുകളിലും ഒറ്റപ്പെട്ട ദ്വീപ് പ്രദേശങ്ങളിലുമുള്‍പ്പെടെ സംസ്ഥാനത്തുടനീളം കണക്ഷനുകള്‍ നല്‍കിയാണ് ഈ ചരിത്ര നേട്ടത്തിലേക്ക് കെ ഫോണ്‍ എത്തിയത്.
ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുകയെന്ന സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യം മുന്‍നിര്‍ത്തി, എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുകയെന്ന പ്രഖ്യാപിത ദൗത്യം സാക്ഷാത്കരിക്കാനാണ് കെ ഫോണിന്റെ തുടര്‍ച്ചയായ പരിശ്രമം.
നിലവില്‍ 1,50,256 ഉപഭോക്താക്കളാണ് കെ ഫോണ്‍ സേവനം ഉപയോഗിക്കുന്നത്. അതില്‍ 1,08,336 ഗാര്‍ഹിക കണക്ഷനുകള്‍, 24,192 സര്‍ക്കാര്‍ കണക്ഷനുകള്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 3,503 കണക്ഷനുകള്‍, 14,195 ബിപിഎല്‍ കണക്ഷനുകള്‍ എന്നിവ ഉള്‍പ്പെടുന്നു. മൂവായിരത്തിലധികം ലോക്കല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാര്‍ കെ ഫോണുമായി സഹകരിച്ച് സേവനവിതരണം ശക്തമാക്കുന്നു.
ഇന്റര്‍നെറ്റ് എന്ന അവകാശം സംസ്ഥാനത്തെ ഓരോ കുടുംബത്തിലും യാതൊരു തടസവും കൂടാതെ എത്തിക്കുക എന്നതാണ് കെ ഫോണിന്റെ ദൗത്യമെന്നു കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു പറഞ്ഞു.